Latest Updates

ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. കൊല്ലപ്പെട്ടവരില്‍ 27 പുരുഷന്മാരും ഒരാളെ സ്ത്രീയുമാണ്. പത്തിലേറെ പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുകയാണ്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ശ്രീനഗറിലെത്തിയിട്ടുണ്ട്. ആറു ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. നാലു പേരാണ് വെടിയുതിർന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പഹല്‍ഗാം, ബൈസരണ്‍, അനന്ത്നാഗ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും. സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പഹല്‍ഗാമിലെത്തും. ഇന്നലെ കശ്മീരിലെത്തിയ അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തന്ത്രപ്രധാന ഇടങ്ങളിലും സുരക്ഷ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരികളും രണ്ട് വിദേശികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Get Newsletter

Advertisement

PREVIOUS Choice